സങ്കീർത്തനങ്ങൾ 107
  • 1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
  • 2 യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
  • 3 ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
  • 4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
  • 5 അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
  • 6 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
  • 7 അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
  • 8 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
  • 9 അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
  • 10 ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
  • 11 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
  • 12 അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
  • 13 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
  • 14 അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
  • 15 അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
  • 16 അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
  • 17 ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
  • 18 അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
  • 19 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
  • 20 അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
  • 21 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
  • 22 അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
  • 23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
  • 24 അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
  • 25 അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
  • 26 അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
  • 27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
  • 28 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
  • 29 അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
  • 30 ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
  • 31 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
  • 32 അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടേ.
  • 33 നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
  • 34 നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
  • 35 അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
  • 36 വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
  • 37 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
  • 38 അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
  • 39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
  • 40 അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
  • 41 അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
  • 42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
  • 43 ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.