സദൃശവാക്യങ്ങൾ 2
  • 1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
  • 2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
  • 3 നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
  • 4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
  • 5 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
  • 6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
  • 7 അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.
  • 8 അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
  • 9 അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.
  • 10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.
  • 11 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
  • 12 അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
  • 13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും
  • 14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
  • 15 അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
  • 16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
  • 17 അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
  • 18 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
  • 19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
  • 20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക.
  • 21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
  • 22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.